
കൊച്ചി: പ്രതിയുടെ ക്രിമിനൽ പശ്ചാത്തലവും മുൻകാല ജാമ്യാപേക്ഷകളുടെ വിവരങ്ങളും വ്യക്തമാക്കാത്ത ജാമ്യാപേക്ഷകൾ ഇനി ഹൈക്കോടതി രജിസ്ട്രി നമ്പർ നൽകി സ്വീകരിക്കില്ലെന്ന് കേരള ഹൈക്കോടതി. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. സുപ്രീം കോടതിയുടെ കർശന നിർദ്ദേശങ്ങൾ ചൂണ്ടിക്കാണിച്ചാണ് ഹൈക്കോടതിയുടെ ഈ നടപടി.
സുപ്രീം കോടതി നിർദ്ദേശം പാലിക്കാൻ കർശന നിർദ്ദേശം. സെബ ഖാൻ വേഴ്സസ് ഉത്തർപ്രദേശ് സർക്കാർ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച സുപ്രധാന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി.
ജാമ്യാപേക്ഷ സമർപ്പിക്കുന്ന വ്യക്തി തനിക്കെതിരെയുള്ള മുൻകാല ക്രിമിനൽ കേസുകളുടെ വിവരങ്ങളും, ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ ഇതിനുമുമ്പ് ഫയൽ ചെയ്തിട്ടുള്ള ജാമ്യാപേക്ഷകളുടെ പൂർണ്ണ വിവരങ്ങളും (അവയുടെ വിധിയടക്കം) സത്യപ്രസ്താവനയിലൂടെ വ്യക്തമാക്കണം.
രജിസ്ട്രിക്ക് കർശന നിർദ്ദേശം: ഈ വിവരങ്ങൾ ഉൾപ്പെടുത്താത്തതോ, കൃത്യതയില്ലാത്തതോ ആയ ജാമ്യാപേക്ഷകൾ ഹൈക്കോടതി രജിസ്ട്രി ഇനി മുതൽ നമ്പർ നൽകി ഫയലിൽ സ്വീകരിക്കില്ല.
കോടതി നടപടികളിൽ പൂർണ്ണ സുതാര്യത ഉറപ്പുവരുത്താനും, വിവരങ്ങൾ മറച്ചുവെച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടുന്നത് തടയാനുമാണ് ഈ പുതിയ ചട്ടം. അർഹതയില്ലാത്തവർക്ക് ജാമ്യം ലഭിക്കുന്നതും, അതുവഴി നീതിപീഠത്തിന്റെ സമയം നഷ്ടപ്പെടുന്നതും ഒഴിവാക്കാൻ ഈ കടുപ്പമേറിയ നിലപാട് സഹായിക്കുമെന്നാണ് വിലയിരുത്തൽ.










